വടകര ലിങ്ക് റോഡിലെ സ്വകാര്യബസുകൾ ഡിസംബർ 1 മുതൽ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റും

news image
Nov 11, 2026, 4:32 am GMT+0000 payyolionline.in

വടകര : നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകൾ ഡിസംബർ ഒന്നുമുതൽ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനമെടുത്തത്. പയ്യോളി, പേരാമ്പ്ര, കൊയിലാണ്ടി, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലെ ബസുകളാണ് ഡിസംബർ മുതൽ പഴയ സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുക.

​നേരത്തെ രണ്ടുതവണ ബസുകൾ മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും ബസ്സുടമകളുടെയും തൊഴിലാളികളുടെയും പ്രതിഷേധവും പണിമുടക്കും കാരണം ഇത് നടപ്പിലായിരുന്നില്ല. ഒക്ടോബർ 15-ന് സ്റ്റാൻഡ് മാറ്റാൻ ധാരണയായെങ്കിലും വൈകിയതിൽ വ്യാപാരികൾ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം എല്ലാ ബസുകൾക്കും പഴയ സ്റ്റാൻഡിൽ ഒരേസമയം പാർക്കിങ് സൗകര്യമില്ലാത്തതിനാൽ, കൂടുതൽ സമയം പാർക്കുചെയ്യേണ്ട ബസുകൾ കോട്ടപ്പറമ്പിലേക്ക് മാറ്റും. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം ഇവ സ്റ്റാൻഡിലെത്തിയാൽ മതിയാകും.

​നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നാറ്റ്‌പാക് സമർപ്പിച്ച പഠനറിപ്പോർട്ടിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാർക്കറ്റ് റോഡ് – ചോളംവയൽ റോഡിൽ ചോളംവയൽ ഭാഗത്തുനിന്നുള്ള ഗതാഗതം നിരോധിച്ച് വൺവേയാക്കും. തിരുവള്ളൂർ റോഡ് – ഗവ. ആശുപത്രി റോഡിലെ വൺവേ സംവിധാനവും ലിങ്ക് റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെയുള്ള നടപടികളും കർശനമാക്കും. യോഗത്തിൽ ഡിവൈ.എസ്.പി. കെ.സി. സുഭാഷ്, റവന്യൂ, മോട്ടോർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe