പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തൽ. 50000 രൂപ വേണമെന്ന് വന്നവർ ആവശ്യപ്പെട്ടു. ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത പറഞ്ഞു
സഹപ്രവർത്തകക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താറില്ലായിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു.
‘അവര്‍ നന്നായിട്ട് ഉപ്രദവിച്ചു. മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ഭയങ്കര ഉപദ്രവായിരുന്നു. നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കല്ലേ..പെങ്ങളായിട്ട് കണ്ടുകൂടെ എന്ന് പറഞ്ഞപ്പോൾ അവൻ എന്‍റെ മുഖത്തിനിട്ട് ഒറ്റയടി അടിച്ചു. എന്‍റെ പെങ്ങളെന്നാടീ വേശ്യാലയത്തിലാണോ നിൽക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു.
എന്നോട് ഡ്രെസെല്ലാം അഴിക്കാൻ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞ് ഞാൻ അലറിക്കരഞ്ഞപ്പോൾ കത്തിയെടുത്ത് എന്‍റെ തൊണ്ടക്കുഴിയിൽ കുത്തി. ബലാത്സംഗത്തിനിടെ ക്രൂരമായി ഉപദ്രവിച്ചു. അതിനിടെ ഫോണിൽ സെൽഫിയെടുത്തു. നീ നിന്‍റെ സാറിനെക്കൊണ്ട് മൂന്ന് ലക്ഷം രൂപ ഇടീച്ചില്ലെങ്കിൽ ചിത്രം പുറത്തുവിടുമെന്നും പറഞ്ഞു.”
അതേസമയം, സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും തന്‍റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഉടമ ഡോ. സഞ്ജയ് പറഞ്ഞു.
‘ഗുണ്ടാപ്പിരിവാണെങ്കിൽ ആദ്യം തന്നെ നമ്മൾ സംസാരിക്കും. വന്നപ്പോൾ തന്നെ ക്വട്ടേഷൻ ആണെന്നാണ് പറഞ്ഞത്. പിന്നെ വാതിലടച്ചു. ഒന്നാം നിലയിൽ വെച്ചാണ് സംഭവം നടന്നത്. മെയിൻ സ്വിച്ചും ഓഫ് ചെയ്തു. വീഡിയോ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.”
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരം. തിരുവല്ല ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ലയിൽ സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികൾ സ്ഥാപനത്തിൽ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. പിരിവ് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ ജീവനക്കാരിയെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മരണ സുബിൻ എന്നറയിപ്പെടുന്ന സുബിൻ അലക്സാണ്ടർ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെയുള്ള മൂന്ന് പ്രതികൾ ഒളിവിലാണ് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
