കണ്ണൂർ: 20 വര്‍ഷം മുൻപ് മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചിത്രീകരിച്ചാണ് കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ വ്യാജ വായ്പ തട്ടിപ്പ് നടന്നത്. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ചേര്‍ന്നുളള സംഘടിത കൊള്ളയാണ് നടന്നതെന്ന് ഫിഷറീസ് വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിപിഎം നേതൃത്വത്തിലുളള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പേരിനൊരു കേസ് എടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായതുമില്ല. മത്സ്യത്തൊളിലാളുടെ ക്ഷേമത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വന്ന ഒരു സഹകരണ സംഘം പൊടുന്നനെ ഒരു വ്യാജ വായ്പ സംഘമായി മാറിയതിന്റെ അമ്പരപ്പിലാണ് ആയിക്കരയിലെ രണ്ടായിരത്തോളം വരുന്ന തൊഴിലാളികളും സൊസൈറ്റിയെ വിശ്വസിച്ച് ഇവിടെ പണം നിക്ഷേപിച്ചവരും.
സംഘത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പിജി സന്തോഷ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം ഇങ്ങനെ. വ്യാജമായി സൃഷ്ടിച്ച ചില സേവിങ്സ് അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്. സംഘത്തിൽ ലഭിച്ചിരുന്ന പണം പുറത്തേക്ക് കടത്താനായി മേൽപ്പറഞ്ഞ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുകയാണ് ചെയ്തത്. സംഘത്തിൽ വലിയ തുകകൾ സ്ഥിരനിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളില്‍ മേൽ തുകകൾ അക്കൗണ്ട് ഉടമകൾ അറിയാതെ പിൻവലിക്കുകയാണ് ചെയ്തത്. സെക്രട്ടറിയായിരുന്ന സുനിതയെ സസ്പെൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ വരെ ഇത്തരം ഇടപാടുകൾ നടന്നു. സംഘം ഭാരവാഹികളുടെ പേരിലും സംഘത്തിൽ ജീവനക്കാരായിരുന്നവരുടെ പേരിലുമെല്ലാം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. സംഘം സെക്രട്ടറിയായിരുന്ന സുനിതയുടെ മകളുടെ പേരിൽ പോലും സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങുകയും നിയമവിരുദ്ധമായി ഇടപാടുകൾ നടത്തുകയും ചെയ്തു. കണ്ണൂർ ആയിക്കര സ്വദേശിയായ സിറാജിന്റെ പേരിലുള്ള എസ്ബിഐ അക്കൗണ്ടിൽ ഒരുകോടി 70 ലക്ഷ രൂപയുടെയും അജീന എന്ന വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ടിൽ ഒരുകോടി 30 ലക്ഷം രൂപയുടെയും ഇടപാടുകൾ നടന്നതായി സംഘം രേഖകളിൽ ഉണ്ടെങ്കിലും ഇത് തങ്ങളുടെ അറിവോടെ അല്ല എന്നാണ് ഇരുവരും മൊഴി നൽകിയത്. അതേസമയം, ഒരായുസിന്റെ അധ്വാനമത്രയും സംഘത്തെ വിശ്വസിച്ച് ഇവിടെ നിക്ഷേപിച്ചവരെല്ലാം ഇപ്പോള്‍ ചികില്‍സയ്ക്ക് പോലും പണമില്ലാതെ വലയുന്നു.