കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ഒന്നിച്ച് താമസിപ്പിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കി വഞ്ചിക്കുകയും ചെയ്ത ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കായക്കൊടി സ്വദേശിയായ ഋഷിരാജ് (ഷബി, 26) എന്ന യുവാവിനെതിരെയാണ് നൃത്താധ്യാപികയായ യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ തൊട്ടിൽപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2021 ഏപ്രിൽ മുതൽ പ്രണയത്തിലായിരുന്ന ഇരുവരും എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപം വാടക വീടെടുത്ത് ലിവിംഗ് ടുഗദറായി താമസിക്കുകയായിരുന്നു. പിന്നീട് ആലപ്പുഴയിലും വട്ടോളിയിലുമുള്ള വാടക വീടുകളിലും യുവാവിന്റെ കായക്കൊടിയിലുള്ള വീട്ടിലും വെച്ച് നിരന്തരം ശാരീരികമായി ചൂഷണം ചെയ്തതായി പരാതിയിൽ പറയുന്നു. 2023 സെപ്റ്റംബറിൽ ഋഷിരാജ് വിദേശത്തേക്ക് പോയതിന് ശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. ഇതറിയിച്ചപ്പോൾ നാട്ടിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് ഗർഭഛിദ്രം നടത്താൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇയാളുടെ സഹോദരിയുടെ സഹായത്തോടെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഗർഭഛിദ്രം നടത്തി. എന്നാൽ കഴിഞ്ഞ ദിവസം ഋഷിരാജ് മറ്റൊരു യുവതിയെ ഗുരുവായൂരിൽ വെച്ച് വിവാഹം കഴിച്ചതായി അറിഞ്ഞതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഒന്നിച്ച് താമസിച്ചിരുന്ന കാലയളവിൽ തന്റെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണമാലയും എഴുപതിനായിരം രൂപയും യുവാവ് കൈക്കലാക്കിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്.
