മലബാറിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക ഇടപെടൽ നടത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ

news image
May 29, 2026, 2:29 am GMT+0000 payyolionline.in

അഴിയൂർ: സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനൊപ്പം മലബാർ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പൊതുരംഗത്തെ മുല്ലപ്പള്ളി രാമചന്ദ്രന്റെ വലിയ പരിചയസമ്പത്തും മാർഗ്ഗനിർദ്ദേശങ്ങളും മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ മുതൽക്കൂട്ടാവുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മുഖ്യമന്ത്രി മുല്ലപ്പള്ളിയുടെ വസതിയിൽ എത്തിയത്.

 

പ്രിയ നേതാവിനെ വരവേൽക്കാൻ വൈകുന്നേരം അഞ്ച് മണി മുതൽ തന്നെ മുക്കാളി ടൗണിലെ മുല്ലപ്പള്ളിയുടെ വസതിക്ക് ചുറ്റും വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങളോടെയും അർപ്പുവിളികളോടെയുമാണ് ജനങ്ങൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വൻ ജനത്തിരക്കിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ വസതിക്കുള്ളിലേക്ക് ആനയിച്ചത്.

 

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, അഡ്വ. ഐ. മൂസ, പി.കെ. ഹബീബ്, സുനിൽ മടപ്പള്ളി, പി. ബാബുരാജ്, അച്യുതൻ പുതിയേടത്ത്, പ്രദീപ് ചോമ്പാല, യു.എ. റഹീം, കെ.എം. ചന്ദ്രൻ, സതീശൻ കുരിയാടി, കെ. ബാലനാരായണൻ, കാവിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, പി.കെ. രാഗേഷ്, കെ.എം. ഉമ്മർ, നസീർ വീരോളി എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രോസിക്യൂഷൻ ജനറൽ അഡ്വ. ടി. ആസഫലിയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe