വിഴിഞ്ഞം സ്വർണ്ണപ്പണയ സ്ഥാപനത്തിലെ തട്ടിപ്പ്: അന്വേഷണം ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് കൈമാറി

news image
Jul 17, 2026, 7:06 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വർണ്ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ആത്മഹത്യ കേസിന്റെ അന്വേഷണം ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് കൈമാറി. പ്രതി സിന്ധു കുമാരിയുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിഴിഞ്ഞം പൊലീസ് അന്വേഷണ റിപ്പോർട്ടുകൾ ഡിസിആർബിക്ക് കൈമാറിയിട്ടുണ്ട്.

സിന്ധുവിന് ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയുമോയെന്ന് അന്വേഷണ സംഘം സംശയം ഉയർത്തിയിരുന്നു. സിന്ധുവിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. കേസിൽ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനായി ബാങ്കുകളിൽ അപേക്ഷ നൽകി. സിന്ധുവിന് അക്കൗണ്ട് ഉള്ള ബാങ്കുകളിൽ ആണ് അപേക്ഷ നൽകിയത്. സിന്ധുവിനെതിരെ ലഭിച്ച മറ്റു പരാതികളിലും ഊർജിതമായ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ജോലി ചെയ്യുന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികളായ ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവൻ സ്വർണ്ണം എടുത്തുനൽകുകയായിരുന്നു. പണയംവെച്ച സ്വർണം തിരികെയെടുക്കാൻ ഉടമസ്ഥർ സ്ഥാപനത്തിൽ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതിനകം യുവതികളിൽ നിന്ന് സ്വർണ്ണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. അഞ്ജുവിൽ നിന്നും 20 പവനും ഐശ്വര്യയിൽ നിന്നും 50 പവൻ സ്വർണ്ണവുമാണ് സിന്ധു കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കടുത്തമാനസിക സമ്മർദ്ദത്തിൽ ഐശ്വര്യയും അഞ്ജുവും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇരുവരും ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ജൂലൈ നാല് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് പ്രതി സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ പേർ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തി. സിന്ധു നേരത്തെയും നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe