വ്യാജ ഫോൺ കോളിൽ നിർണായക കണ്ടെത്തൽ; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്

news image
Jul 17, 2026, 4:02 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ജനപ്രതിനിധികൾക്ക് ഫോൺ കോൾ ചെയ്ത് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താനായി കേരള പോലീസിന്റെ പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട്, വയനാട് ജില്ലകളിലെ സൈബർ പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ഡി.എസ്. രാജ്‌കുമാർ ഡി.ജി.പിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ലക്ഷ്യം കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ
യു.ഡി.എഫ് ജനപ്രതിനിധികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും തട്ടിപ്പ് സംഘം വലവീശിയത്. ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്ക് ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് നേരത്തെ ഫോൺ കോളുകൾ എത്തിയിരുന്നു. ഏറ്റവും ഒടുവിൽ എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനാണ് തട്ടിപ്പ് സംഘത്തിന്റെ ഫോൺ കോൾ ലഭിച്ചത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ശരിയാക്കിത്തരാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് വഴിയാണ് വിദ്യയ്ക്ക് കോൾ എത്തിയത്. സംശയം തോന്നിയ എം.എൽ.എ ഉടൻ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുകയും തട്ടിപ്പ് ബോധ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് മനസ്സിലായത്തോടെ വിദ്യ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe