വിനോദയാത്രക്കിടെ വിദ്യാർഥിനികൾക്ക് പീഡനം; വേളം സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

news image
Nov 3, 2026, 1:28 pm GMT+0000 payyolionline.in

കോഴിക്കോട്: സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിതിനെ (46) ആണ് എലത്തൂർ പൊലീസ് വെങ്ങളത്തുനിന്ന് അറസ്റ്റ് ചെയ്തത്. എലത്തൂർ സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ അധ്യാപകനായ ഇയാൾക്കെതിരെ എട്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 24-ന് ഹൈസ്കൂൾ വിദ്യാർത്ഥികളുമായി കൊടൈക്കനാലിലേക്ക് പോയ വിനോദയാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രാവേളയിൽ ഇയാൾ എട്ട് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ കുട്ടികൾ യാത്രയ്ക്കിടയിൽ തന്നെ മറ്റു അധ്യാപകരോട് പരാതിപ്പെട്ടു. തുടർന്ന് തിരിച്ചെത്തിയ ശേഷം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ഇയാൾ വെങ്ങളത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെയോടെ എലത്തൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe