വനിതാ സൈക്യാട്രിസ്റ്റിന്റെ പേജിലെ അശ്ലീല ചിത്രങ്ങൾ മാറ്റിയില്ല: ഫെയ്സ്ബുക്കിന് എതിരെ കേരള പൊലീസിന്റെ ആദ്യ കേസ്

news image
Aug 21, 2023, 5:37 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ വനിതാ സൈക്യാട്രിസ്റ്റിന്റെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത സംഭവത്തിൽ ഫെയ്സ്ബുക്കിനെതിരെ കേരള പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്കിനെതിരെ കേരള പൊലീസ് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ ഓഫിസറെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലേക്കു പൊലീസ് കടന്നു.

നഗരത്തിലെ വനിതാ സൈക്യാട്രിസ്റ്റിന്റെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്താണ് 3 അശ്ലീലചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ ഫെയ്സ്ബുക് പ്രൊഫൈൽ ഹാക്ക് ചെയ്തിരുന്നില്ല. പേജ് മാത്രം ഹാക്ക് ചെയ്തിട്ടുള്ളതിനാൽ ഇത് ഡിലീറ്റ് ചെയ്യാൻ സൈബർ പൊലീസിലെ വിദഗ്ധർക്കു സാധിച്ചില്ല. തുടർന്ന്, ഹാക്ക് ചെയ്തയാളെ കണ്ടെത്താനും ചിത്രങ്ങൾ ഉടൻ നീക്കാനും ഐടി ആക്ട് 79 പ്രകാരം ഫെയ്സ്ബുക്കിന് പൊലീസ് നോട്ടിസയച്ചു.  36 മണിക്കൂറിനകം ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണു വ്യവസ്ഥ. ഒരാഴ്ച കഴിഞ്ഞിട്ടും ഫെയ്സ്ബുക് നടപടിയെടുത്തില്ല. കൃത്യമായി മറുപടിയും കൈമാറിയില്ല. തുടർന്നാണ് ഐടി ആക്ട് പ്രകാരം ഫെയ്സ്ബുക്കിനെതിരെ ക്രിമിനൽ കേസെടുത്തത്.

സാമുഹിക പരിഷ്കർത്താവ് അയ്യങ്കാളിയെ അപമാനിച്ച് പോസ്റ്റ് ഇട്ട കേസിലും വ്യാജ ഐഡികളായതിനാൽ ആരെയും അറസ്റ്റ് ചെയ്യാനായില്ല.

നടപടി സങ്കീർണം

ഫെയ്സ്‌ബുക്കിൽ വ്യാജ അക്കൗണ്ടുകളിൽ നിന്നു വ്യക്തികളെ  അപമാനിക്കുന്നതുൾപ്പെടെ സൈബർ കുറ്റകൃത്യങ്ങൾ നടന്നാൽ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് ലഭിക്കണമെങ്കിൽ ഫെയ്സ്ബുക്കിന്റെ യുഎസിലെ ആസ്ഥാനത്തേക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ കത്തയയ്ക്കണം. രാജ്യങ്ങൾ തമ്മിൽ കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്ന കരാർ പ്രകാരമുള്ള നടപടിക്രമങ്ങളാണിത്. ഇതിന് ഇന്ത്യയിലെ നോഡൽ ഏജൻസി സിബിഐയാണ്. എല്ലാ സൈബർ കേസിലും ഇതു വേണമെന്നു വന്നതോടെ പൊലീസും ബുദ്ധിമുട്ടിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe