തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുളള സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുമെന്ന സൂചന നൽകി യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ കാസർകോട്, കണ്ണൂർ ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ തെലങ്കാനയ്ക്ക് സമീപത്തും ചക്രവാതച്ചുഴിയുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുന്നത്. ജൂലൈ മൂന്ന് വരെ കേരളം, മാഹി, ലക്ഷദ്വീപ് തീരങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഇടുക്കിയിൽ ശക്തമായ മഴയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി അജയൻ രവിയുടെ വീടാണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.
