റോഡുകൾ തകർന്ന് തരിപ്പണമായി: ദുരിതമൊഴിയാതെ കോഴിക്കോട് കോൺവെന്റ് റോഡും പരിസരപ്രദേശങ്ങളും

news image
May 19, 2026, 4:01 am GMT+0000 payyolionline.in

കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നഗരത്തിലെ പ്രധാന പാതകളായ കോൺവെന്റ് റോഡ്, നാലാംഗേറ്റ്, ബോംബെ ഹോട്ടൽ പരിസരം, ചെറൂട്ടിറോഡ് ജങ്ഷൻ എന്നിവടങ്ങളിൽ റോഡ് തകർന്ന് കാൽനടയാത്രപോലും ദുഷ്‌കരമായ നിലയിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. അഞ്ച് സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന കോൺവെന്റ് റോഡ് പരിസരം കഴിഞ്ഞ രണ്ടു വർഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ദിവസവും നഴ്‌സറി കുട്ടികളടക്കം നൂറുകണക്കിന് വിദ്യാർഥികളും സ്ത്രീകളും യാത്ര ചെയ്യുന്ന ഈ വഴിയിൽ മഴ പെയ്താൽ ഒട്ടും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസി ഉമ്മർ ബറാമി പറയുന്നു. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് നിരന്തരം പരിക്കേൽക്കാറുണ്ട്. കൂടാതെ വാഹനങ്ങൾ പോകുമ്പോൾ കുഴിയിലെ ചെളിവെള്ളം തെറിച്ച് കാൽനടയാത്രക്കാരുടെ വസ്ത്രങ്ങൾ വൃത്തികേടാകുന്നതും പതിവാണ്.

​നാലാംഗേറ്റ് പരിസരത്ത് റെയിൽവേ ക്രോസിന് സമീപം രൂപപ്പെട്ട വലിയ കുഴികൾ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തിരക്കേറിയ ചെറൂട്ടി റോഡിലും ബോംബെ ഹോട്ടലിന് സമീപവുമുള്ള കുഴികൾ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികളുടെ ആഴമറിയാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.

​വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും സ്‌കൂളുകളും നിറഞ്ഞ ഈ മേഖലയിലെ റോഡുകളുടെ ദുരിതാവസ്ഥ പ്രദേശത്തെ കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കനത്ത മഴയ്ക്ക് മുൻപായി ഈ റോഡുകളിലെ കുഴികൾ അടച്ചു പൂർണ്ണമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും ശക്തമായ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe