കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹതയേറുന്നു, പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്

news image
May 19, 2026, 3:52 am GMT+0000 payyolionline.in

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോൾ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പാലേരി കല്ലിക്കണ്ടിയിൽ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളിൽ പൊള്ളലേറ്റതിനാൽ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. രജിൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.

സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയം ബന്ധുക്കൾ ഉയർത്തിയിരുന്നു. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നത്. ഷോർട്ട് സർക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. മോട്ടോർവാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും സംയുക്തമായി പരിശോധന നടത്തിയിരുന്നു. കാറിനുള്ളിലെ വയറിങ്, ഇന്ധനടാങ്ക്, എ സി സംവിധാനം, മുൻവശത്തെ റേഡിയേറ്റർ ഭാഗത്തും തകരാർ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

കാറിന്റെ പിൻസീറ്റും മുൻഭാഗവും പൂർണമായും കത്തിയിരുന്നു. എന്നാൽ ബോണറ്റിൽ തീപടർന്നിട്ടില്ല. ഇതോടെ തീ എവിടെ നിന്നുണ്ടായി എന്ന സംശയം ശക്തമായിരുന്നു. കാറിനുള്ളിൽ നിന്നും ലഭിച്ച കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽ, വെള്ളത്തിന്റെ സാമ്പിൾ എന്നിവയെല്ലാം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഗൾഫിൽ ആയിരിക്കെയാണ് രജിൻ സമൂഹമാധ്യത്തിലൂടെ യുവതിയുമായി അടുപ്പത്തിലായതെന്നാണ് സോനയുടെ അമ്മാവൻ സത്യൻ പറഞ്ഞത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ രജിന്റെ വീട്ടുകാർ വേറെ വിവാഹത്തിന് പ്രേരിപ്പിച്ചു. ഇതോടെ വടകരയിൽ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സോനയെ ചിലർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

പൊലീസ് സാന്നിധ്യത്തിൽ പിന്നീട് നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവീട്ടുകാരും എതിർത്തതോടെ ഇവർ 2023-ൽ രജിസ്റ്റർ വിവാഹം കഴിച്ചു. സോനയുമായി വലിയ അടുപ്പം വീട്ടുകാർ സൂക്ഷിച്ചിരുന്നില്ല. ഗർഭിണിയായതോടെയാണ് വീട്ടുകാരുമായി വലിയ പ്രശ്‌നമില്ലാതെ പോയത്. ഭർതൃവീട്ടിൽ സമ്മർദമുണ്ടെന്ന് ഒരു ബന്ധുവിനോട് സോന ഒരിക്കൽ പറഞ്ഞിരുന്നുവെന്നും ഇതാണ് കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് സംശയിക്കുന്നതിന് കാരണമെന്നും അമ്മാവൻ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe