കോഴിക്കോട്: “പുതിയ തലമുറയിലെ കുട്ടികളോട് മേയർക്കെന്താണ് പറയാനുള്ളത്?” പയ്യാനക്കൽ സ്കിൽ ഹബിൽ ഉയർന്ന കുട്ടികളുടെ ഈ ചോദ്യത്തിന്, “ഒറ്റക്കാര്യമേ ഉള്ളൂ, സന്തോഷത്തോടെ ഇരിക്കുക, വിദ്വേഷം വേണ്ടാ, അപ്പോൾ സന്തോഷം താനേ വരും” എന്ന് നിറഞ്ഞ ചിരിയോടെ മേയർ ഒ. സദാശിവൻ മറുപടി നൽകി. തീരമേഖലയിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കുട്ടികളോടൊപ്പം മേയർ’ പരിപാടിയിലാണ് കുട്ടികളും മേയറും തമ്മിലുള്ള ഹൃദ്യമായ ഈ സംവാദം അരങ്ങേറിയത്.
തീരമേഖലകളിൽ എത്ര ശുചീകരണം നടത്തിയാലും കുറച്ചുദിവസം കഴിയുമ്പോൾ വീണ്ടും പഴയപടിയാകുന്നതിലെ വിഷമം കുട്ടികൾ മേയറുമായി പങ്കുവെച്ചു. നാട് വൃത്തിയാക്കാൻ നിരവധി നല്ല മനസ്സുകളും സംഘടനകളും മുന്നോട്ടുവരുന്നുണ്ടെങ്കിലും, നമ്മൾ മാലിന്യങ്ങൾ തോന്നുംപോലെ വലിച്ചെറിയില്ലെന്ന് സ്വയം തീരുമാനിച്ചാൽ മാത്രമേ നാട് മനോഹരമാകൂ എന്ന് മേയർ കുട്ടികളെ ഓർമ്മിപ്പിച്ചു. നിങ്ങളോരോരുത്തരും ഒരു മിഠായിക്കടലാസ് പോലും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയില്ലെന്ന് ഉറച്ചു തീരുമാനിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത മുൻകൗൺസിലർ സി.കെ. സീനത്തും കുട്ടികളോട് ആവശ്യപ്പെട്ടു.
മേഖലയിൽ കളിസ്ഥലങ്ങളില്ലാത്തതിന്റെ ബുദ്ധിമുട്ട് കുട്ടികൾ ഉന്നയിച്ചപ്പോൾ, നഗരസഭയിലെ ഓരോ വാർഡിലും കളിസ്ഥലമൊരുക്കാൻ കോർപ്പറേഷൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് മേയർ ഉറപ്പുനൽകി. കുട്ടികൾക്കായി ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന് കോർപ്പറേഷൻ പ്രത്യേക പദ്ധതി തയ്യാറാക്കുമോ എന്ന ഐലാബിലെ എം.പി. നാസ്മിനയുടെ ചോദ്യത്തിന്, അക്കാര്യം സജീവമായി ആലോചിക്കാമെന്നും മേയർ വ്യക്തമാക്കി. കുട്ടികളുടെ വൈവിധ്യമാർന്ന ചോദ്യങ്ങൾക്ക് സ്നേഹത്തോടെ മറുപടി നൽകിയും വിശേഷങ്ങൾ പങ്കുവെച്ചും ഏറെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് പരിപാടി സമാപിച്ചത്.
