തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കോർകമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. കോർ കമ്മിറ്റിയോഗം തുടങ്ങിയ ഉടൻ ദേശീയ നേതൃത്വം പേര് നിർദേശിച്ചു എന്നാണ് വിവരം.
രണ്ടുപതിറ്റാണ്ടിൻറെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി ആൻറ് ഇലക്ട്രോണിക്സിൻറെയും നൈപുണ്യവികസനത്തിൻറെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കർണാടകയിൽനിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോർകമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാൻ കോർകമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളിൽനിന്നുമാത്രമേ പത്രിക സ്വീകരിക്കാൻ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.