തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസിന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം. 120 പുതിയ ബാച്ചുകൾ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകൾ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്യും.
അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികൾ അറിയാതെയാണ് സ്വീകരിച്ചിരിക്കുന്നതെന്നത് ചർച്ചയാകുന്നുണ്ട്. ബാച്ചുകൾ ആവശ്യമുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യേണ്ടത് ആർഡിഡി അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോർട്ട് സംസ്ഥാനതല സമിതി പരിശോധിച്ച് സർക്കാരിന് സമർപ്പിക്കും. എന്നാൽ ഈ സമിതികൾ ചേരാതെയാണ് നിലവിലെ തീരുമാനം. ഇതോടെ ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന വിമർശനമാണ് ഉയരുന്നത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായിരുന്നു. രണ്ടാം അലോട്ട്മെന്റിന് ശേഷവും നിരവധി വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായത്. ഇതോടെ പ്രതിഷേധം ശക്തമായിരുന്നു.
