മത്സരപരീക്ഷകളില്‍ ഇനി സ്വന്തം സ്‌ക്രൈബ് പറ്റില്ല; പരീക്ഷാ ഏജന്‍സി നല്‍കും

news image
Sep 4, 2025, 7:03 am GMT+0000 payyolionline.in

മത്സരപ്പരീക്ഷകളില്‍ സ്‌ക്രൈബ് നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഭിന്നശേഷിക്കാര്‍ക്ക് മത്സരപ്പരീക്ഷകളെഴുതാന്‍ സ്വന്തം നിലയ്ക്കു സ്‌ക്രൈബ് എത്തിക്കുന്നതിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം സ്‌ക്രൈബിനെ ഉപയോഗിക്കുന്നതിനു പകരം ഇനി മുതല്‍ പരീക്ഷാ ഏജന്‍സികള്‍ സ്‌ക്രൈബിനെ നല്‍കുന്ന വിധത്തിലേക്കാണ് മാറ്റത്തിനൊരുങ്ങുന്നത്. മത്സരപ്പരീക്ഷാ നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സ്‌ക്രൈബ് നിയമം സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം കര്‍ശനമാക്കുന്നത്. പരീക്ഷാ ഏജന്‍സികള്‍ക്ക് സ്‌ക്രൈബ് സംഘത്തെ തയ്യാറാക്കാന്‍ മന്ത്രാലയം നിര്‍ദേശവും നല്‍കി.സ്‌ക്രൈബാകുന്നവര്‍ പരീക്ഷ എഴുതാന്‍ വേണ്ട കുറഞ്ഞ യോഗ്യതക്ക് രണ്ടോ മൂന്നോ വര്‍ഷം താഴെയുള്ള വരാകണമെന്നും നിര്‍ദേശമുണ്ട്. യുപിഎസ്സി, എസ്എസ്സി, എന്‍ടിഎ തുടങ്ങിയ പരീക്ഷാ ഏജന്‍സികളെല്ലാം പരിശീലനം നേടിയ സ്‌ക്രൈബുമാരെ രണ്ടു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കണം. പരീക്ഷ കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്‌ക്രൈബിനെ വെക്കാതെ സാങ്കേതിക സഹായത്തോടെ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷകള്‍ എഴുതുന്നതിലേക്ക് മാറണമെന്നും മന്ത്രാലയത്തില്‍ മാര്‍ഗരേഖയില്‍ പറയുന്നു.

അതേസമയം ലിഫ്റ്റുകള്‍ , ഓഡിയോ അറിയിപ്പുകള്‍, വിശാലമായ ഇടനാഴികള്‍, ഗ്രൗണ്ട് ഫ്‌ലോര്‍ ഇരിപ്പിടങ്ങള്‍ എന്നിവയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തണം. പരാതി പരിഹാര സെല്ലുകള്‍, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ പരിശീലനം സിദ്ധിച്ച ജീവനക്കാര്‍ തുടങ്ങിയവയും പരീക്ഷ കേന്ദ്രത്തിലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe