പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ

news image
Jul 16, 2025, 12:21 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ ബാധിച്ച പിതാവിനെ പരിചരിച്ചിരുന്നത് മകനായിരുന്നു. അതേസമയം, നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയായ 57 വയസ്സുകാരന്‍റെ സമ്പർക്കപട്ടികയിലുൾപ്പെട്ടവർ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഹൈറിസ്ക് കോൺടാക്ടിൽ ഉൾപ്പെട്ട കുടുംബാംഗവും ആരോഗ്യ പ്രവർത്തകയുമാണ് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ഐസൊലേഷനിൽ ചികിത്സയിലുള്ളത്. നിലവിൽ 112 പേരാണ് സമ്പർക്കപട്ടികയിലുള്ളത്.

 

ജൂലൈ ആറിനാണ് കുമരംപുത്തൂർ സ്വദേശിക്ക് ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ ചികിത്സ തേടി. ഇതിനിടെ സുഹൃത്തുക്കളുടെ വീടുകളിലും സന്ദർശനം നടത്തി. ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹം പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിട്ടില്ല. സ്വകാര്യ വാഹനത്തിലും ബൈക്കിലുമായാണ് ആശുപത്രിയിൽ പോയത്.

 

ജൂലൈ 12ന് മരിച്ച അദ്ദേഹത്തിന്‍റെ മൃതദേഹം നിപ പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കരിച്ചത്. വീടിന്‍റെ മൂന്ന് കിലോ മീറ്റർ ദൂരത്ത് വവ്വാലിന്‍റെ സാന്നിധ്യമുണ്ടെങ്കിലും രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലവിൽ ചികിത്സയിലുള്ളവരുടെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്‍റ് സോണിലുള്ളവർ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് കലക്ടർ അറിയിച്ചു.

 

അതിനിടെ, കുമരംപുത്തൂർ, കരിമ്പുഴ, കാരാക്കുർശ്ശി പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലുമായി 18 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണിലുള്ളത്. മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡ് പെരിമ്പടാരിയെ തിങ്കളാഴ്ച കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം, സാനിറ്റൈസേഷൻ എന്നിവ പാലിക്കണമെന്നും കലക്ടർ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe