കൊച്ചി: നെടുമ്പാശ്ശേരിയിൽ 19-കാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗതയിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലുമാണ് ഡിവിഷൻ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. വേഗത കണ്ടെത്താൻ വിദഗ്ധ ടീമിനെ നിയോഗിച്ച് കൃത്യമായ സംവിധാനം ഒരുക്കണമെന്നും വേഗത ഡ്രൈവർമാർക്ക് ഒരു പ്രോത്സാഹനമാകരുതെന്നും കോടതി ഓർമിപ്പിച്ചു. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് ക്യാമറകൾക്ക് കഴിയുമോ എന്നും അമിതവേഗത കണ്ടുപിടിച്ചാൽ ഉടനടി നടപടി സ്വീകരിക്കാനാകുമോ എന്നും സംസ്ഥാന ഗതാഗത വകുപ്പിനോട് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. നിരവധി തവണ കോടതി ഇടപെടലുകൾ ഉണ്ടായിട്ടും റോഡുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈൽ സജീവ് വാഹനം ഓടിച്ചത് 200 കിലോമീറ്റർ വേഗതയിലാണെന്ന് എ.ഐ. ക്യാമറ ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അമിതവേഗതയും അപകടങ്ങളും അവസാനിപ്പിക്കാൻ പുതിയ സാധ്യതകൾ തേടേണ്ടതുണ്ട്. ഉയർന്ന പ്രകടന ശേഷിയുള്ള കാറുകൾ രാത്രിയിൽ 100 മുതൽ 150 കിലോമീറ്ററിലധികം വേഗതയിൽ ഓടിക്കുന്ന സാഹചര്യമുണ്ടെന്നും ഇത്തരം വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ പോലും ഉടനടി നിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ പ്രായോഗികമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന്റെ ഔപചാരിക മറുപടിയല്ല വേണ്ടതെന്നും വിഷയത്തിൽ ഗതാഗതവകുപ്പ് പത്തുദിവസത്തിനകം മറുപടി നൽകണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ 19-കാരനായ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചിരുന്നു. തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഇവർ സഹപ്രവർത്തകർക്കൊപ്പം രാത്രിയിൽ ചായ കുടിച്ച് മടങ്ങിവരവെയായിരുന്നു ദുരന്തം. അപകടസമയത്ത് സുഹൈലിനൊപ്പം മൂന്ന് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. ഇതിൽ രണ്ട് പേർ അപകടത്തിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ ആലപ്പുഴ സ്വദേശികളായ ജോയൽ, അമീൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
