പത്തനംതിട്ട: നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാൻ കഴിയാത്തത് ഗുരുതരമായ കാര്യമാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്തുകൊണ്ട് സ്വീകരിച്ചില്ലാ എന്ന് വീണാ ജോർജ് ചോദിച്ചു. മരുന്ന് സ്റ്റോക്ക് ഇല്ലെങ്കിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും വീണാ ജോർജ് ചോദിച്ചു. യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും വിഷയത്തിൽ അടിയന്തരമായ ഇടപെടൽ വേണമെന്നും വീണാ ജോർജ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
‘മുൻപ് നിപ സ്ഥിരീകരിച്ചപ്പോൾ മന്ത്രി എന്ന നിലയിൽ ഉടൻ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പത്തനംതിട്ട ആയാലും തിരുവനന്തപുരം ആയാലും ഉടൻ ഞാൻ കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. രോഗിയുടെ ജീവൻ രക്ഷിക്കാനുളള ശ്രമം നടത്തണം. ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് എത്തിക്കാൻ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്’; വീണാ ജോർജ് പറഞ്ഞു.
പകർച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തിൽ ഡയറക്ടറെ മാറ്റിയത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ച്ചയാണെന്നും അവർ അഭിപ്രായപ്പെട്ടു. മകളുടെ വിവാഹത്തിന് പോലും അധികം അവധി എടുത്തിട്ടില്ലാത്തയാളായിരുന്നു ഡോ. റീനയെന്നും ഭരിക്കുന്നത് ആരായാലും ജോലിയോട് ആത്മാർത്ഥതയുളള ഉദ്യോഗസ്ഥയായിരുന്നു അവരെന്നും വീണാ ജോർജ് പറഞ്ഞു. ഡോ. റീനയെ തരംതാഴ്ത്താൻ തക്കവണ്ണം എന്ത് കുറ്റമാണ് അവർ ചെയ്തതെന്ന് ചോദിച്ച വീണ, ഇത്തരം നടപടികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും പറഞ്ഞു. അഞ്ച് വർഷക്കാലം താൻ വേട്ടയാടലിന് ഇരയായെന്നും ശരി എന്തായിരുന്നു എന്നുളളത് കാലം തെളിയിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ മാറ്റിയത്. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിൽ. പകർച്ച വ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തതിൽ കെ മുരളീധരൻ കടുത്ത അതൃപ്തിയിലായിരുന്നു. അതിന് പിന്നാലെയാണ് ഡോ. റീനയ്ക്കെതിരെ നടപടി എടുത്തത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.
