കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി നായകൾ കൂട്ടമായി കരച്ചിലായിരുന്നെന്നും നല്ല മഴയായതിനാൽ ശ്രദ്ധിച്ചില്ലെന്നുമാണ് അയൽവാസിയുടെ മൊഴി.
ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണ വിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതോടെയാണ് പൊലീസ് എത്തി പരിശോധിക്കുന്നത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്. ശരീരമാസകലം രക്തപ്പാടുകളുണ്ട്.
അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാർക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാർ പറയുന്നു.
