തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രൂക്ഷഭാഷയിൽ വിമർശിച്ച് എക്സൈസ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി പരാതികൾ മുന്നിലുണ്ടെന്നും സിസ്റ്റം മുന്നോട്ടുപോകണമെന്ന തരത്തിൽ മാത്രമെ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും ലിജു താക്കീത് നൽകി. ഉദ്യോഗസ്ഥർ ബാറിൽ പോയി കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാർ ഉടമകൾ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ആദ്യം ഉയർന്നതലത്തിലുള്ളവർക്ക് കൊടുക്കുന്നു. പിന്നീട് താഴെതലത്തിലുള്ള ഉദ്യോഗസ്ഥർ. ഇതൊക്കെ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതൊന്നും ഇവിടെ നടക്കില്ല. അത്തരമൊരു അവകാശം ആർക്കും ഇല്ല. ഇത്ര കെയ്സ് അങ്ങോട്ട് എത്തിച്ചേക്കൂവെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയൊരു സംഭവം ഉണ്ടായാൽ ഷൂട്ട് ചെയ്തോളാൻ അവരോട് പറഞ്ഞിട്ടുണ്ടെന്നും ലിജു തുറന്നടിച്ചു. എക്സൈസ് കമ്മീഷണർ അടക്കം പങ്കെുത്ത പരിപാടിയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
അഴിമതി രഹിതമാകണം പ്രവർത്തനങ്ങൾ എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. നിരവധി ജില്ലകളിൽ നിന്നും പരാതി ലഭിക്കുന്നുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് ബാറുകൾ ഈ സംസ്ഥാനത്ത് തുറന്നുപ്രവർത്തിക്കുന്നുണ്ട്. നിങ്ങൾ അറിയാതെ അത് ഈ നാട്ടിൽ പ്രവർത്തിക്കുമോ. സേന മൗനാനുവാദം നൽകുന്നുവെന്ന് താൻ പറയുന്നില്ലെന്നും എം ലിജു പറഞ്ഞു.
വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിൽ സൈക്കാട്രിസ്റ്റുകളെ നിയമിക്കും. കേരളത്തിലെ 14 വിമുക്തി അഡിക്ഷൻ സെന്ററുകളിലും നിലവിൽ സൈക്കാട്രിസ്റ്റുകൾ ഇല്ല. തുടർ ചികിത്സ നൽകാൻ കഴിയുന്നില്ല. മറ്റെല്ലാ വകുപ്പിനേക്കാളും ഏറ്റവും കുറവ് പ്ലാൻ ഫണ്ട് ഉള്ളത് എക്സൈസ് വകുപ്പിനാണ്. 23 കോടി രൂപകൊണ്ട് വേണം ഇതെല്ലാം നടത്താൻ. 5 കോടി രൂപ കൂടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റെല്ലാ വകുപ്പിനും പിആർ നടത്താൻ പോലും ഇതിനേക്കാൾ കൂടുതൽ തുക ഉണ്ട്. സർക്കാർ അധികാരത്തിൽവന്ന് രണ്ടുമാസവും പത്ത് ദിവസവും ആകുമ്പോൾ എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടെന്നും ലിജു വ്യക്തമാക്കി.
അതിനിടെ എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലംമാറ്റി. മാനേജർമാർ, സിഐമാർ, സൂപ്രണ്ടുമാർ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. 99 പേരെ സ്ഥലംമാറ്റി കൊണ്ടാണ് ഉത്തരവ്. മൂവാറ്റുപുഴയിലെ വ്യാജ കള്ള് ലൈസൻസ് വിവാദത്തിൽപെട്ട സിഐ കൃഷ്ണ കുമാറിനെ മഞ്ചേശ്വരത്തേക്കാണ് സ്ഥലം മാറ്റിയത്.
