തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 25-ന്. കേസിൽ വാദം പൂർത്തിയായി. ‘ദാറ്റ് ഇഡിയറ്റ് സിമ്പതിക്ക് വേണ്ടി ചാടി’ എന്ന് വകുപ്പ് മേധാവി എം കെ റാം പറയുന്നത് കേട്ടുവെന്ന് നിതിന്റെ സഹപാഠി മൊഴി നൽകിയിരുന്നു. ഡോ. റാം ഒബിസി വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഏപ്രിൽ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നിതിന്റെ മരണത്തിൽ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പിന്റെ ഭീഷണി മൂലമാണെന്നുമാണ് അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. സംഭവ ദിവസം പ്രിൻസിപ്പലിന്റെ റൂമിൽ താൻ ഇല്ലായിരുന്നുവെന്നും റാം പറഞ്ഞിട്ടുണ്ട്.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുമുണ്ടായിരുന്നു. ഡോ. റാമും സംഗീതയും ഒളിവിൽ തുടരുകയാണ്. ഇരുവരെയും പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെൻഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
