മൂരാട്: കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള കിണറും കുളിമുറിയും പൂർണ്ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു. മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ കുഞ്ഞപ്പയുടെ വീട്ടുവളപ്പിലാണ് സംഭവം. കിണറും കുളിമുറിയും നിന്നിരുന്ന സ്ഥാനത്ത് നിലവിൽ വൻ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ ക്ഷേത്രത്തിൽ പോകാനായി എഴുന്നേറ്റ വീട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. കുളിക്കാനായി എത്തിയപ്പോഴാണ് കുളിമുറിയും കിണറും അപ്രത്യക്ഷമായതായി ശ്രദ്ധയിൽപ്പെട്ടത്. കുളിമുറിയുടെ കോൺക്രീറ്റ് സ്ലാബിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ മുകളിൽ കാണാൻ സാധിക്കുന്നത്.

പുലർച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് പെയ്ത അതിശക്തമായ മഴയിൽ ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ഏക കുടിവെള്ള സ്രോതസ്സായിരുന്ന കിണറാണ് പൂർണ്ണമായും തകർന്നുപോയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഗർത്തത്തിന്റെ വ്യാപ്തി വർധിച്ച് തൊട്ടടുത്തുള്ള വീടിന് ഭീഷണിയാകുമോ എന്ന വലിയ ആശങ്കയും നിലനിൽക്കുന്നു.

