തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരിച്ചടിയിൽ നിന്ന് പാഠം പഠിക്കുകയും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിലുള്ളത്. തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും. മെയ്, ജൂൺ മാസത്തോടെ പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേർത്ത് എല്ലാവർക്കും പറയാനുള്ളത് കേൾക്കുകയും അത് മുഖവിലയ്ക്കെടുക്കുകയും ചെയ്യും. വിലയിരുത്തലുകൾ സത്യസന്ധമായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ആകെ ലഭിച്ചത് 37.6 ശതമാനം വോട്ടാണ്. കുറഞ്ഞ വോട്ടാണത്. 2019ൽ 35.01 ശതമാനവും 2024ൽ 33.35 ശതമാനം വോട്ടുകളും എൽഡിഎഫിന് ലഭിച്ച സാഹചര്യമുണ്ടായിരുന്നു. തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രാഥമിക പരിശോധനയാണ് നടന്നത്. വരും ദിവസങ്ങളിൽ യോഗം ചേർന്ന് വിലയിരുത്തൽ നടത്തും.
സഖാക്കൾക്ക് സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാൻ അവസരം കൊടുക്കും. ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റികളും ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ബ്രാഞ്ച് യോഗങ്ങളും ചേരും. പ്രവർത്തകർക്ക് പറയാനുള്ളത് കേൾക്കും. യോഗങ്ങളിലെ ചർച്ചകൾ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് റിവ്യൂ തയ്യാറാക്കി താഴേക്ക് പോകില്ല. പറയാനുള്ളത് എല്ലാം കേൾക്കും. കൃത്യമായ റിവ്യൂ തയ്യാറാക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. തോൽവിയുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തുടനീളം സിപിഐഎമ്മിനെതിരെ പ്രചാരണങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രചാരണങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് പാർട്ടിയെയും ഘടകകക്ഷികളെയും ജനങ്ങളെയും മുഖവിലയ്ക്കെടുത്ത് മുന്നോട്ടുപോകും. സാധാരണ ഭരണമാറ്റം വരുന്ന സംസ്ഥാനമാണ് കേരളം. അത് തിരുത്തിക്കുറിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയപക്ഷത്താണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
