നിയമസഭ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തിൽ ഉണ്ടായത്. ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എൽഡിഎഫിനു വേണ്ടിയല്ല, ഒരു വ്യക്തിക്കു വേണ്ടിയാണ്.
തുടർഭരണം ജനാധിപത്യ സങ്കൽപ്പമല്ല. നല്ലൊരു തോൽവിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. സംശയത്തിന് ഇട നൽകാത്ത വ്യക്തതയോടെയുള്ള വിധിയെഴുത്താണ് ജനങ്ങൾ നടത്തിയത്. പിണറായിയുടെ ഏകാധിപത്യമാണ് പാർട്ടിയിൽ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേർന്നതല്ല. തോൽവിയുടെ ഉത്തരവാദി പിണറായി വിജയൻ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.
സിപിഐഎമ്മിനെതിരെയുള്ള വോട്ടല്ല, പിണറായി വിജയനെതിരെയുള്ള വോട്ടാണ് കേരളത്തിൽ ഉണ്ടായത്. എല്ലാ തോൽവിക്കും ഒരു ഉത്തരവാദി ഉണ്ടായിരിക്കും. ഈ തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ തന്നെ ഏറ്റെടുക്കണം. ഫെഡറൽ സംവിധാനത്തിൽ ഒരു മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിന് പരിധികളുണ്ട്. പക്ഷെ അമിതാധികാരം, ആരാലും ചോദ്യം ചെയ്യപ്പെടാതെ താൻ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവം. അതിന്റെയൊക്കെ പരമകാഷ്ഠയിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്ന ആളായിരിക്കണം. എന്നാൽ കോടിയേരി ബാലകൃഷ്ണനും ശേഷം ആ രീതിക്കു മാറ്റം വന്നു. ഇപ്പോൾ പാർട്ടി സെക്രട്ടറി ഉണ്ടോയെന്നു പോലും സംശയം തോന്നുന്നു. പാർട്ടിയുടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, പിണറായി വിജയൻ എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. അതു വലിയ തെറ്റായിരുന്നുവെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ചുരുങ്ങിയ പക്ഷം വാക്കുകൾ ഉപയോഗിക്കുമ്പോൾ വാക്കുകളിലെങ്കിലും മിതത്വം പാലിക്കണം, മാന്യത കാണിക്കണം എന്നെങ്കിലും പാർട്ടി പറയണമായിരുന്നു. എതിരാളികൾക്കെതിരെ എന്തും പറയുന്നത് ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ അംഗീകരിക്കുകയേയില്ല. വീട്ടിൽ പോയി ചോദിക്ക്… തുടങ്ങിയ പ്രയോഗങ്ങൾ. അതിനേക്കാൾ മോശമായ പദപ്രയോഗം മുമ്പും പിണറായി വിജയൻ നടത്തിയിട്ടുണ്ട്. അതിനൊരു നിയന്ത്രണം വരുത്താനുള്ള അവസരം തെരഞ്ഞെടുപ്പാണ്. അത് ഭംഗിയായി ജനങ്ങൾ വിനിയോഗിച്ചു. ബംഗാളിൽ 15 വർഷത്തെ ഭരണത്തിന് ശേഷം മമത ബാനർജിയെ പുറത്താക്കിയപ്പോഴും സിപിഎമ്മിനെ തിരിച്ചു കൊണ്ടുവരാമെന്ന് ജനങ്ങൾ ചിന്തിച്ചിട്ടില്ല. പകരം ബിജെപിയാണ് ഭരണത്തിൽ വന്നത്. സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.
ഭരണം മോശമായിരുന്നു എന്ന് തനിക്ക് അഭിപ്രായമില്ല. സാമാന്യം നല്ല നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായത് ഭരണത്തിനെതിരായ വിധിയെഴുത്ത് എന്നു പറയുന്നതിനോട് യോജിക്കുന്നില്ല, പിണറായി വിജയനെതിരായ വിധിയെഴുത്താണ് നടന്നതെന്ന് വ്യക്തതയോടെ തന്നെ മനസ്സിലാക്കണം. കഴിഞ്ഞ പത്തു വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമ എന്ന നിലയിൽ ഇരുന്നയാൾ, പ്രതിപക്ഷത്ത് ഒരു ന്യൂനപക്ഷത്തിന്റെ നേതാവായി ഇരിക്കാൻ മനസ്സുകൊണ്ട് തയ്യാറാവില്ലെന്ന് കരുതുന്നു. ചോദ്യങ്ങൾ കേൾക്കുന്ന, നവീകരിക്കപ്പെടുന്ന സിപിഎം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതിലേക്ക് പാർട്ടി എത്തിച്ചേർന്നാൽ ബംഗാൾ കേരളത്തിൽ ആവർത്തിക്കില്ല. അതിനുള്ള കെൽപ്പ് ഈ പാർട്ടിക്ക് ഇപ്പോഴുമുണ്ടെന്നും സെബാസ്റ്റിയൻ പോൾ പറഞ്ഞു.
