ചികിത്സാ സഹായത്തിന്റെയും ട്രസ്റ്റുകളുടെയും പേരിൽ വീടുകൾ കയറിയുള്ള പണപ്പിരിവ്; കർശന നടപടിക്ക് പൊലീസിന് നിർദേശം

news image
Nov 20, 2026, 12:11 pm GMT+0000 payyolionline.in

മലപ്പുറം: ചികിത്സാ സഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യതീംഖാനകൾ, വിവിധ ട്രസ്റ്റുകൾ എന്നിവയുടെ പേരിൽ വീടുകൾ കയറി അനധികൃതമായി പണപ്പിരിവ് നടത്തുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പണപ്പിരിവുകൾ വ്യാപകമാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി പണം ശേഖരിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഗിന്നസ് ജേതാവും പൊതുപ്രവർത്തകനുമായ പടവണ്ണ അബ്ദുൽ സലീം നൽകിയ പരാതിയിലാണ് പൊലീസിന്റെ ഇടപെടൽ. പണപ്പിരിവിനായി വീടുകളിലെത്തുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ, അവർ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വിശ്വാസ്യത, ശേഖരിക്കുന്ന പണത്തിന്റെ വിനിയോഗം, പിരിവിനുള്ള നിയമാനുമതി എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ലാതെയാണ് പലരും പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

രോഗികളുടെ ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമെന്ന പേരിൽ വീടുകളിലെത്തി പണം ആവശ്യപ്പെടുന്നവർ യഥാർഥത്തിൽ അംഗീകൃത സംഘടനകളുടെ പ്രതിനിധികളാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശേഖരിക്കുന്ന തുക പ്രഖ്യാപിച്ച ആവശ്യങ്ങൾക്ക് തന്നെ വിനിയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും പരിശോധന വേണമെന്നാണ് ആവശ്യം. വ്യാജ സംഘടനകളുടെ പേരിൽ പണം ശേഖരിച്ച് പൊതുജനങ്ങളെ വഞ്ചിക്കാനുള്ള സാധ്യതയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം അനധികൃത പണപ്പിരിവുകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിവെക്കുന്നതിനൊപ്പം വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും കാരണമാകാമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പണപ്പിരിവിന്റെ പേരിൽ വീടുകളിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതും അവരുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി.

പരാതി ഗൗരവമായി പരിഗണിച്ച ജില്ലാ പൊലീസ് മേധാവി നവംബർ 19ന് തുടർനടപടികൾക്കായി ഉത്തരവ് കൈമാറി. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ, കൊണ്ടോട്ടി, താനൂർ എന്നീ പൊലീസ് സബ് ഡിവിഷനുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. പ്രദേശങ്ങളിൽ നടക്കുന്ന പണപ്പിരിവുകളെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.

പണപ്പിരിവിന് എത്തുന്നവരുടെ തിരിച്ചറിയൽ രേഖകളും സംഘടനയുടെ ഔദ്യോഗിക വിവരങ്ങളും പരിശോധിക്കണമെന്നും നിയമാനുസൃതമായ അനുമതിയില്ലാതെ പണം ശേഖരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾ ഇത്തരം പണപ്പിരിവുകളിൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിനും യഥാർഥ സഹായം അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe