കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച തകർന്നുവീണ ക്ലോക്ക് ടവറിന് സമീപത്തുണ്ടായിരുന്ന പഴക്കമേറിയ മറ്റ് കെട്ടിടങ്ങളും ഗോപുരങ്ങളും പൊളിച്ചുനീക്കാൻ തുടങ്ങി. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ തകർന്നുവീണ തെക്കുഭാഗത്തെ ടവറടക്കം ആകെ നാല് ഗോപുരങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് റെയിൽവേയുടെ ഈ അടിയന്തര നടപടി.
വടക്കുഭാഗത്തെ ചെറിയ ഗോപുരമാണ് തിങ്കളാഴ്ച ആദ്യം പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ വലിയ ഗോപുരവും പൊളിച്ചു തുടങ്ങി. ഇതിനുപുറമേ, മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ മറ്റൊരു ടവർ മുക്കാൽ ഭാഗത്തോളവും, നാലാമത്തെ ടവർ പകുതിയോളവും പൊളിച്ചുനീക്കിയതായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ഹരീഷ് അറിയിച്ചു. കഴിഞ്ഞയാഴ്ച തകർന്നുവീണ ക്ലോക്ക് ടവറിന്റെ അതേ കാലപ്പഴക്കമുള്ളതാണ് ഇപ്പോൾ പൊളിച്ചുകൊണ്ടിരിക്കുന്ന മറ്റ് ടവറുകളും. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ജെ.സി.ബി.യോ ക്രെയിനോ എത്തിച്ച് കെട്ടിടങ്ങൾ പൊളിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ഇതുമൂലം ടവറുകൾക്ക് ചുറ്റും ഇരുമ്പ് കമ്പികൾ വച്ചുകെട്ടി, അതിൽ തൊഴിലാളികൾ കയറിനിന്നാണ് ഓരോ ഭാഗമായി പൊളിച്ചുമാറ്റുന്നത്. അതേസമയം, അപകടത്തിൽപ്പെട്ട ക്ലോക്ക് ടവർ പൂർണ്ണമായും പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഓഫീസുകളുടെ മേൽക്കൂരകളും നിലവിൽ പൊളിച്ചുനീക്കുകയാണ്. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം, ബന്ധപ്പെട്ട അധികൃതരിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ പുനഃരാരംഭിക്കുകയുള്ളൂ എന്ന് റെയിൽവേ സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.
