ഇരിങ്ങൽ: അഞ്ചുവർഷം കൂടുമ്പോഴുള്ള ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ഇരിങ്ങൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പയ്യോളി നഗരസഭ മൂന്നാം ഡിവിഷൻ കൗൺസിലർ കെ.കെ. ഷൈജ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മെഡിസെപ് (Medisep) ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, മുഴുവൻ ചികിത്സാ ചെലവും ക്ലെയിം ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, റെയിൽവേയിൽ 60 വയസ്സ് കഴിഞ്ഞവർക്കുള്ള സീനിയർ സിറ്റിസൺ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. കൂടാതെ, ദേശീയപാത 66-ന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുക, സർവീസ് റോഡുകളിലെ ഗതാഗത തടസ്സങ്ങൾ നീക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കി റോഡുകൾ ജനസൗഹൃദവും സഞ്ചാരയോഗ്യവുമാക്കുക തുടങ്ങിയ പ്രാദേശിക ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.

ചടങ്ങിൽ എം.എം. കരുണാകരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നിർധനരായ പാവങ്ങൾക്കുള്ള ‘കൈത്താങ്ങ് പെൻഷൻ’ വിതരണം പദ്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു. സംഘടനയിലേക്ക് എത്തിയ പുതിയ അംഗങ്ങളെ എം.ടി. ചന്ദ്രിക സ്വീകരിക്കുകയും മുതിർന്ന അംഗങ്ങളെ എം.ടി. നാണു മാസ്റ്റർ ആദരിക്കുകയും ചെയ്തു.
വി.കെ. നാസർ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ. ശശിധരൻ മാസ്റ്റർ, എ.കെ. ജനാർദ്ദനൻ, കെ. ധനഞ്ജയൻ, കെ.വി. രാജൻ, കെ.കെ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.വി. ബാബു നന്ദി രേഖപ്പെടുത്തി.

