കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി;വീഴ്ച സമ്മതിച്ച് എംഎൽഎ

news image
Aug 4, 2026, 9:13 am GMT+0000 payyolionline.in

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. ക്യാമ്പിൽ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റുവാൻ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു.

ക്യാമ്പിൽ വൈകിയെത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. ചെറിയ കുട്ടികൾക്ക് കഴിക്കാനായി ചെറുകടികൾ എത്തിക്കണമെന്നും ദുരിത ബാധിതർ ആവശ്യപ്പെട്ടു. നിരവധി രോഗികൾ ഉള്ളതിനാൽ കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചു. അതേസമയം ക്യാമ്പിൽ വീഴ്ചയുണ്ടായെന്ന് കെ ജയന്ത് എംഎൽഎയും പ്രതികരിച്ചു.

ഇന്നലെ കൂടുതൽ ആളുകൾ എത്തിയപ്പോൾ ചോറിന് നൽകിയ കറി കുറഞ്ഞ് പോയിട്ടുണ്ടെന്നും ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും എംഎൽഎ പറഞ്ഞു. വസ്ത്രത്തിന് ബുദ്ധിമുട്ടുള്ളതും പരിഹരിക്കും. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും ചില വിഷയങ്ങൾ ആളുകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. 8 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധിയുമുണ്ട്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി. എന്നാൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe