കേരളത്തിന് ഇക്കുറി 11 വനിതാ എംഎൽഎമാർ; യുഡിഎഫിൽ നിന്ന് 9, എൽഡിഎഫിൽ നിന്ന് 2: ആരൊക്കെ മന്ത്രിയാകും

news image
May 5, 2026, 5:12 am GMT+0000 payyolionline.in

തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറിയത് 11 വനിതാ എംഎൽഎമാർ. യുഡിഎഫിൽ നിന്ന് 11 പേരും എൽഡിഎഫിൽ നിന്ന് 2 പേരുമാണ് നിയമസഭയിലെത്തുന്നത്. ഉഷാ വിജയൻ(മാനന്തവാടി), കെ കെ രമ(വടകര), ഫാത്തിമ തഹിലിയ(പേരാമ്പ്ര), വിദ്യ ബാലകൃഷ്ണൻ(എലത്തൂർ), കെ എ തുളസി(കോങ്ങാട്), ഗീതാ ഗോപി(നാട്ടിക), ഉമാ തോമസ്(തൃക്കാക്കര), ഷാനിമോൾ ഉസ്മാൻ(അരൂർ), രമ്യാ ഹരിദാസ്(ചിറയിൻകീഴ്), ബിന്ദു കൃഷ്ണ(കൊല്ലം), ഒ എസ് അംബിക(ആറ്റിങ്ങൽ) എന്നിവരാണ് കേരളത്തിന്റെ 11 വനിതാ എംഎൽഎമാർ. ഇവരിൽ ആരൊക്കെ മന്ത്രിസഭയിലേക്ക് എത്തും എന്നത് സംബന്ധിച്ച ചർച്ചകളും ഇതിനോടകം സജീവമായി കഴിഞ്ഞു.

48 വനിതകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നുമായി മത്സരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ നിർത്തിയത് എൻഡിഎയും എൽഡിഎഫുമായിരുന്നു. 18 വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് 12 വനിതകളെയും നിർത്തി. ഇതിൽ യുഡിഎഫ് മത്സരിപ്പിച്ച ഒൻപത് പേരും എൽഡിഎഫിന്റെ രണ്ടുപേരും വിജയിച്ചു.

മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്രനേട്ടവുമായാണ് അഡ്വ. ഫാത്തിമ തഹിലിയ പേരാമ്പ്ര മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. എതിർസ്ഥാനാർത്ഥി എൽഡിഎഫ് കൺവീനർ കൂടിയായ ടി പി രാമകൃഷ്ണനെ 5087 വോട്ടുകൾക്കാണ് ഫാത്തിമ തഹിലിയ പരാജയപ്പെടുത്തിയത്.

മാനന്തവാടിയിൽ കോൺഗ്രസിന്റെ ഉഷാ വിജയൻ മന്ത്രിയും സിപിഐഎം സ്ഥാനാർത്ഥിയുമായ ഒ ആർ കേളുവിനെ 10,543 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വടകരയിൽ ആർഎംപി നേതാവ് കെ കെ രമ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്. രാഷ്ട്രീയ ജനതാ ദളിന്റെ എം കെ ഭാസ്‌കരനെ രമ 14,862 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

എലത്തൂർ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. വിദ്യ ബാലകൃഷ്ണൻ എ കെ ശശീന്ദ്രനിൽ നിന്നും 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ എ തുളസി സിപിഐഎം സ്ഥാനാർത്ഥി അഡ്വ. കെ ശാന്തകുമാരിയെ 3706 വോട്ടുകൾക്ക് പരാജയപ്പെടുത്തി. നാട്ടികയിൽ സിപിഐയുടെ ഗീതാ ഗോപിയാണ് വിജയിച്ചത്. കോൺഗ്രസിന്റെ അഡ്വ. സുനിൽ ലാലൂരിനെ 7093 വോട്ടുകൾക്കാണ് ഗീതാ ഗോപി പരാജയപ്പെടുത്തിയത്. തൃക്കാക്കരയിൽ ഉമാ തോമസാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ അഡ്വ. പുഷ്പ ദാസിനെ 50,211 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് പരാജയപ്പെടുത്തിയത്.

അരൂരിൽ സിപിഐഎമ്മിന്റെ ദലീമാ ജോജോയെ 9324 വോട്ടുകൾക്ക് പരാജയപ്പെടുത്തി അഡ്വ. ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ചിറയിൻകീഴ് സിപിഐയുടെ മനോജ് ഇടമനയെ 1422 വോട്ടുകൾക്ക് പരാജയപ്പെടുത്തി രമ്യാ ഹരിദാസ് വിജയിച്ചു. കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ബിന്ദു കൃഷ്ണയാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ എസ് ജയമോഹനെ ബിന്ദു കൃഷ്ണ 16,830 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ആറ്റിങ്ങൽ സിപിഐയുടെ ഒ എസ് അംബിക ബിജെപിയുടെ അഡ്വ. പി സുധീറിനെ 13,375 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മന്ത്രിമാരായിരുന്ന വീണാ ജോർജ്, ആർ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവർ ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe