തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, നിയമസഭയിൽ ഇടതുപക്ഷത്തെ ആര് നയിക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ കേരളത്തിൽ സജീവമാകുന്നു. പത്ത് വർഷത്തെ ഭരണത്തിന് ശേഷം പ്രതിപക്ഷ നിരയിലേക്ക് മാറുന്ന എൽ.ഡി.എഫിന്റെ നേതാവായി പിണറായി വിജയൻ തന്നെ എത്തുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിൽ തോൽവിയുടെ ഞെട്ടലിലുള്ള സി.പി.എം കേന്ദ്രങ്ങൾ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കും.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത പിണറായി വിജയൻ നാളെ തലസ്ഥാനത്ത് എത്തുമെന്നാണ് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം വിമുഖത കാണിച്ചാൽ മാത്രമേ മറ്റ് പേരുകളിലേക്ക് പാർട്ടി കടക്കുകയുള്ളൂ. അങ്ങനെയെങ്കിൽ മുൻ ധനമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എൻ. ബാലഗോപാലിന്റെ പേരിനാണ് മുൻഗണന. സഭയിൽ ഭരണപക്ഷത്തിന് വലിയ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ, പ്രതിപക്ഷത്തെ നയിക്കാൻ പിണറായിയെപ്പോലൊരു കരുത്തനായ നേതാവ് വേണമെന്ന വാദം പാർട്ടിയിൽ ശക്തമാണ്. ആദ്യ ഘട്ടത്തിൽ പിണറായി തന്നെ സ്ഥാനം ഏറ്റെടുത്ത ശേഷം പിന്നീട് മറ്റൊരാൾക്ക് കൈമാറാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
*മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് നീക്കം ഊർജിതമാക്കി*
കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി നേതാക്കൾ ഇന്ന് പ്രാഥമിക ചർച്ചകൾ നടത്തും. എം.എൽ.എമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഉടൻ നിയോഗിക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി ഭരണം ഏറ്റെടുക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള തിരക്കിട്ട കൂടിയാലോചനകൾ ഡൽഹിയിലും തിരുവനന്തപുരത്തുമായി പുരോഗമിക്കുകയാണ്.
