കുഞ്ഞ് പ്രസവത്തിന് മുമ്പേ മരിച്ചു, കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

news image
Nov 18, 2026, 1:11 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട് നോർത്ത് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമാണ് നവജാത പെൺകുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ആദ്യം ബൊമ്മയോ കളിപ്പാട്ടമോ ആണെന്നാണ് കരുതിയതെങ്കിലും പിന്നീട് സുരക്ഷാ ജീവനക്കാരും നാട്ടുകാരും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള നവജാത ശിശുവിൻറെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

അന്വേഷണം ഊർജിതമാക്കി പൊലീസ്
സംഭവത്തിൽ വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് തിരമാലകൾ എത്താത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ കടലിൽ നിന്ന് കരയ്ക്കടിഞ്ഞതല്ലെന്നും ആരോ ഉപേക്ഷിച്ചതാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പൊലീസിൻറെ രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നു. ഇതിന് ശേഷമുള്ള സമയത്താകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായ സാഹചര്യത്തിൽ, പ്രസവശേഷം മൃതദേഹം രഹസ്യമായി ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കുഞ്ഞിൻറെ അമ്മയെയും മൃതദേഹം ഉപേക്ഷിക്കാൻ എത്തിയവരെയും കണ്ടെത്തുന്നതിനായി ബീച്ച് പരിസരത്തെയും സമീപ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങളും ആശുപത്രി വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe