തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റിൽ തടഞ്ഞെന്നു സമരസമിതി നേതാവ് വളർമതി. ചർച്ചയ്ക്ക് വന്നത് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടെന്നും, കയറ്റി വിടാൻ നിർദ്ദേശം ലഭിച്ചില്ലെന്നു പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു വെന്നും വളർമതി വ്യക്തമാക്കി. ഏഴ് ദിവസം ഐസിയുവിൽ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടിയെന്നും വളർമതി പറഞ്ഞു.
വളർമതി വെയ്റ്റിംഗ് റൂമിൽ ഇരിക്കുകയാണെന്ന് മറ്റ് സമരക്കാർ പറഞ്ഞു. സമയം ഒന്നും അറിയിച്ചിരുന്നില്ല. വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ ആണ് പറഞ്ഞത് – സമരക്കാർ പറഞ്ഞു. എൽപിഎസ്ടി ഉദ്യോഗാർഥികളുമായി വിദ്യാഭ്യാസ മന്ത്രി സംസാരിച്ചു.
അനുപാതത്തിന്റെ കാര്യത്തിൽ ഒന്നുകൂടി ചർച്ചകൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ചർച്ചയ്ക്ക് എന്നും സർക്കാർ സന്നദ്ധരാണ്. അവരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ച ഉത്തരവ് ഇന്നിറങ്ങും. സാമ്പത്തിക ബാധ്യതയാണ് പ്രധാന വിഷയം. അക്കാര്യം മന്ത്രിസഭായോഗത്തിലും ചർച്ചയ്ക്ക് വന്നു. ഇപ്പോൾ നൽകിയ ഉറപ്പുകൾ നടപ്പാക്കുമ്പോൾ തന്നെ 25 കോടി രൂപയുടെ അധിക ബാധ്യത വരും. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതിൽ പുതിയ ഫോർമുല ഒന്നും മുൻപിൽ ഇല്ല – അദ്ദേഹം പറഞ്ഞു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന നിർദേശത്തെ ധനവകുപ്പ് മന്ത്രിസഭയിൽ എതിർത്തതോടെയാണ് ചർച്ച അനിശ്ചിതത്വത്തിലായത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ എതിർപ്പ്.
