പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ പ്രസിദ്ധമായ വലിയ കളംപാട്ട് ഉത്സവം നാളെ (ഞായർ) വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ കേളി, ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ, നാളികേരം എഴുന്നള്ളിക്കൽ എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമാകും.
വൈകീട്ട് ദീപാരാധന, കേളി, തായമ്പക, കൊമ്പ് കുഴൽപ്പറ്റ്, അത്താഴപൂജ എന്നിവ നടക്കും. രാത്രി 8.30-ന് കീഴൂർ പൂവെടിത്തറയിലേക്ക് എഴുന്നള്ളത്ത് നടക്കും. തുടർന്ന് മുല്ലക്കൽ പാട്ട്, എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തൽ, കള പൂജ, കള പ്രദക്ഷിണം, തേങ്ങയേറും പാട്ട് എന്നിവ നടക്കും. കളം മായ്ക്കൽ നിയോഗത്തോടെ ഉത്സവം സമാപിക്കും. തന്ത്രി തരണ നല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്, കളശേരിയിലത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
