കണ്ണൂർ: കേരള സർവകലാശാലയ്ക്ക് പിന്നാലെ കണ്ണൂർ സർവകലാശാലയിലും സിൻഡിക്കേറ്റിനെ വെട്ടി ചാൻസലറുടെ അസാധാരണ നീക്കം. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ സിൻഡിക്കേറ്റ് നൽകിയ പട്ടിക വെട്ടിയാണ് ചാൻസലറുടെ ഇടപെടൽ. 59 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ ഉത്തരവാണ് ചാൻസിലറുടെ നിർദേശപ്രകാരം ഇറക്കിയിരിക്കുന്നത്. സിൻഡിക്കേറ്റ് നൽകിയ പട്ടിക തിരുത്തിയാണ് പുതിയ പട്ടിക ഇറക്കിയത്.
ഇന്നലെയാണ് സർവകലാശാല രജിസ്ട്രാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ബിജെപി അനുഭാവമുള്ള അധ്യാപകരെ ഉൾക്കൊള്ളിച്ചെന്നും ആക്ഷേപമുണ്ട്. സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കാൻ വിസി തയ്യാറാകുന്നില്ലെന്നും പരാതി ഉയരുന്നു. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്തിട്ട് ഏകദേശം നാല് മാസത്തോളം പിന്നിട്ടെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സിൻഡിക്കേറ്റ് പുനസംഘടിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇത് സംബന്ധിച്ചും തുടർ നടപടികൾ നടന്നിട്ടില്ല.
ഓരോ ബോർഡ് ഓഫ് സ്റ്റഡീസിലും ഏകദേശം പത്തുപേരെന്ന കണക്കിൽ 600ലധികം പേരുകളുള്ള പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ബിജെപി അംഗങ്ങളെ കുത്തിനിറയ്ക്കാനാണ് ചാൻസലർ സിൻഡിക്കേറ്റ് പട്ടിക തിരുത്തിയതെന്നാണ് ഇടത് സംഘടനകൾ ഉന്നയിക്കുന്ന ആരോപണം. അതിന് പുറമേ കണ്ണൂർ സർവകലാശാലയുടെ പരിധിയിൽ വരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള അദ്ധ്യാപകരേയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ചില പ്രത്യേക താൽപര്യങ്ങൾ വെച്ച് പ്രത്യക കോളേജുകളിൽ നിന്ന് മാത്രം അദ്ധ്യാപകരെ ഉൾക്കൊള്ളിച്ചെന്നും ആക്ഷേപമുണ്ട്. പിജി വിഭാഗത്തിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ പോലും പിജി ഇല്ലാത്ത കോളേജുകളിൽ നിന്ന് അദ്ധ്യാപരെ ഉൾപ്പെടുത്തിയന്നടക്കം ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചാൻസലറുടെ നടപടിയിൽ പ്രതികരണവുമായി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എൻ സുകന്യ രംഗത്ത് വന്നു. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ സിൻഡിക്കേറ്റ് നൽകിയ പട്ടിക ചാൻസലർ അട്ടിമറിച്ചെന്നാണ് ആരോപണം. നിലവിലെ സിൻഡിക്കേറ്റിന്റെ അവകാശങ്ങളെ അട്ടിമറിച്ചു. ബോർഡ് ഓഫ് സ്റ്റഡീസിന്റെ അപ്പോയിന്റിങ് അതോറിറ്റി സിൻഡിക്കേറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി. മെയ് 22ന് ശേഷം സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്തിട്ടില്ല. സിൻഡിക്കേറ്റ് കൊടുത്ത ഭൂരിപഷം ആളുകളേയും തിരസ്കരിച്ചു. ചാൻസലർ നടത്തുന്നത് സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു.
