ഗാന്ധിനഗർ∙ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി വീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത് ഘടകം പ്രസിഡന്റ്് സി.ആർ. പാട്ടീൽ എന്നിവർക്കൊപ്പമെത്തിയാണ് റിട്ടേണിങ് ഓഫിസർ റീത്ത മേത്തയ്ക്കു നാമനിർദേശപത്രിക സമർപ്പിച്ചത്. ജൂലൈ 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ജൂലൈ 24നാണ് വോട്ടെടുപ്പ്. നാലുവർഷം മുൻപാണ് എസ്. ജയശങ്കർ ഗുജറാത്തിൽനിന്ന് ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.
ഗുജറാത്തിൽ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണവും ബിജെപിക്കാണ്. ബിജെപിയുടെ എട്ട് സീറ്റുകളിൽ എസ്. ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്നു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകൾ നേടി റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.