ജിദ്ദ: ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങൾ എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷനിലാണ് വിസക്ക് അപേക്ഷ നൽകേണ്ടത്.
മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിൽ തീർഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകരുടെ വരവ് നുസുക് ആപ്ലിക്കേഷനിലൂടെ എളുപ്പമാകും. തീർഥാടകർക്ക് താമസം, യാത്ര തുടങ്ങിയ സേവനങ്ങൾ അതിലൂടെ തെരഞ്ഞെടുക്കാനാകും. ലളിതമായ ഘട്ടങ്ങളിലൂടെ വിവിധ ഭാഷകളിൽ വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങളും പ്ലാറ്റ്ഫോമിലുണ്ട്. സൗദി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ തീർഥാടകർക്ക് ഉന്നത നിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്.