സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

news image
Oct 8, 2026, 3:54 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും പുറമേ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരും.

​കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിലും കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രവിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

​അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാനും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കാനും നിർദേശമുണ്ട്. തിരമാല ശക്തിപ്പെടുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിത അകലത്തിൽ കെട്ടിയിടണമെന്നും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe