തുറയൂർ: പാലച്ചുവടിൽ വെച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി നിർത്തിപ്പോയ സംഭവം വാഹനം പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങത്ത് താനിയുള്ള പറമ്പിൽ അക്ഷയ് കുമാർ (28) ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴരയോടെയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ചാരിനിൽക്കുകയായിരുന്ന ഇടിഞ്ഞകടവ് സ്വദേശി മിദ്ലാജിനെ പയ്യോളി ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം മേപ്പയൂർ ഭാഗത്തേക്ക് നിർത്താതെ പോകുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ച് പയ്യോളി പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് വാഹനം തിരിച്ചറിഞ്ഞത്. പയ്യോളി-പേരാമ്പ്ര റോഡിലെ കീഴൂർ മുതൽ മേപ്പയ്യൂർ വരെയുള്ള 15-ഓളം സി.സി.ടി.വി ക്യാമറകൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്ന് സംശയാസ്പദമായ കാറിന്റെ ചിത്രങ്ങൾ പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിദ്ലാജ് നിലവിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെടുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
