വടകര: മൂരാട് പുഴയ്ക്ക് കുറുകെ നിർമിച്ച പുതിയ റെയിൽവേപ്പാലത്തിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്ക് കമ്മീഷൻ ചെയ്ത പാലത്തിലൂടെ ആദ്യമായി കടന്നുപോയത് മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസാണ്. നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി വ്യാഴാഴ്ച രാത്രി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി സിംഗിൾ ലൈനിലൂടെയാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കമ്മീഷനിങ് നടപടികൾ പൂർത്തിയായത്.
വടകര ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ട്രാക്കിലാണ് പുതിയ പാലം നിർമിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പഴയ പാലം ഒക്ടോബർ 30 വരെ താത്കാലികമായി അടച്ചിടും. അതിനുശേഷം കോഴിക്കോട്ടുനിന്ന് വടകര ഭാഗത്തേക്കുള്ള തീവണ്ടികൾ താത്കാലികമായി പുതിയ പാലത്തിലേക്ക് മാറ്റും. നവംബർ ഒന്നു മുതൽ പുതിയ രീതിയിൽ പൂർണ്ണമായും സർവീസ് ആരംഭിക്കുന്നതോടെ 125 വർഷം പഴക്കമുള്ള പഴയ പാലം പൂർണ്ണമായി പ്രവർത്തനരഹിതമാകും. എ.ഡി.ആർ.എം. ജെറിൻ ആനന്ദ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
