പേരാമ്പ്ര: പുതിയ തലമുറയുടെ സാമൂഹിക ഇടപെടലുകൾ വേഗവും വൈവിധ്യവും നിറഞ്ഞതാണെന്നും, മഹല്ല് സംവിധാനങ്ങൾ സാമൂഹിക പുനഃസംവിധാന കേന്ദ്രങ്ങളായി മാറണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സ്റ്റേറ്റ് സെക്രട്ടറിയും എസ്.എസ്.സി സ്റ്റേറ്റ് കൺവീനറുമായ സി.ടി. അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ അഭിപ്രായപ്പെട്ടു. ഡാറ്റയും ഇൻഫർമേഷനും മുന്നിട്ടുനിൽക്കുന്ന ഇക്കാലത്ത് മഹല്ലുകളും ഡിജിറ്റൽ തലത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എം.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മഹല്ലുകളുടെ സ്മാർട്ട്, ഇ-വൽക്കരണങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പേരാമ്പ്ര മേഖല എസ്.എസ്.സി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് റഫീഖ് സകരിയ ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.സി സ്റ്റേറ്റ് വർക്കിംഗ് കൺവീനർ അയ്യൂബ് കുളിമാട്, സ്റ്റേറ്റ് ഐ.ടി കോർഡിനേറ്റർ കെ.കെ. ഷഫീഖ് എന്നിവർ സംസാരിച്ചു. എസ്.എം.എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട് സ്വാഗതവും ട്രഷറർ ചെരിപ്പേരി മൂസ്സഹാജി നന്ദിയും പറഞ്ഞു.
