മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് സ്വത്തിൽ അവകാശമില്ല; സ്വത്തുക്കളിൽനിന്ന് ഒഴിപ്പിക്കാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി

news image
Aug 17, 2026, 3:15 pm GMT+0000 payyolionline.in

ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് വസ്തുവകകളിൽനിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ വയോധികർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയാൻ ഉദ്ദേശിച്ചുള്ള നിയമ നിർമാണമാണിതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

​മാതാപിതാക്കളെ ദൈവതുല്യരായി കാണുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു സമൂഹത്തിന്റെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് കാണിക്കുന്ന ആദരവിലൂടെയാണെന്നും അവർ വെറും ആശ്രിതരല്ല, മറിച്ച് അനുഭവസമ്പത്താണെന്നും കോടതി ഓർമ്മിപ്പിച്ചു. 2007-ലെ ‘മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്’ പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലുകൾക്ക് സിവിൽ കോടതികളുടെ അധികാരത്തോടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

​81 വയസ്സുള്ള അമ്മയെ സ്വന്തം വീട്ടിൽനിന്ന് ഇറക്കിവിട്ട മകന്റെ കേസിലാണ് ഈ നിർണായക വിധി ഉണ്ടായിരിക്കുന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും ജില്ലാ മജിസ്‌ട്രേറ്റും പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് പൂർണ്ണമായും തള്ളിയ സുപ്രീം കോടതി, മുതിർന്ന പൗരന്മാരുടെ സംരക്ഷണം മുൻനിർത്തി മകനെ ഒഴിപ്പിക്കാനുള്ള ഉത്തരവുകൾ പുനഃസ്ഥാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe