കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയിൽ ഡിവൈഎസ്പി സുധീർ കല്ലൻ കോടതിയിൽ ഹാജരായി. പ്രതി ഡോ റാമിന്റെ റീ അറസ്റ്റിൽ കോടതി തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. തലശ്ശേരി എസ്സി എസ്ടി സ്പെഷ്യൽ കോടതിയാണ് ഉത്തരവിറക്കുക. ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് പ്രതിക്ക് നൽകിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് പ്രതിഭാഗവും പറഞ്ഞിട്ടുണ്ട്. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുധീർ കല്ലൻ. അറസ്റ്റിലെ വീഴ്ചയിൽ നേരിട്ട് വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞിരുന്നു.
ഇന്നലെ രൂക്ഷവിമർശനമാണ് ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമർശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കിൽ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിന്റെ പരാമർശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തിൽ സംഭവിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥർ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതിയുടെ വിമർശനമുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനും ക്രൈബ്രാഞ്ച് എസ്പിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
നിതിൻ രാജിന്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച കുടകിൽവെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാൽ കോടതി വളപ്പിൽ നിന്ന് വീണ്ടും റാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ തലശ്ശേരി കോടതി സാക്ഷ്യം വഹിച്ചത് നാടകീയ നീക്കങ്ങൾക്കായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് റാം അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം പറഞ്ഞിരുന്നു.
