മുഖ്യമന്ത്രി ചർച്ച; എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം പറയാൻ അവസരമൊരുക്കണമെന്ന് വി ഡി സതീശൻ; ഖർഗെയുമായി സംസാരിച്ചു

news image
May 6, 2026, 4:35 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്ന് കോൺഗ്രസ്. എംഎൽഎമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. 45 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാൽ അവകാശപ്പെടുന്നത്. 25 എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎൽഎമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുൻപ് എംഎൽഎമാരെ നേരിട്ട് കാണാനാണ് നീക്കം.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാൻ അവസരമൊരുക്കണം എന്ന് വി ഡി സതീശൻ ഹെെക്കമാൻഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകർ അല്ലാത്തവർ അഭിപ്രായം കേൾക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎൽഎമാരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ദീപ ദാസ് മുൻഷി ഉണ്ടാകാൻ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടു.

അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് വി ഡി പക്ഷം. വി ഡി സതീശന് വേണ്ടി സോണിയാ ഗാന്ധിക്ക് ഇമെയിൽ സന്ദേശം അയയ്ക്കാനാണ് ആഹ്വാനം. പ്രൊഫഷണൽ കോൺഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആഹ്വാനം. സന്ദേശത്തിന്റെ പകർപ്പും ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി അർഹനാണ് എന്നാണ് സന്ദേശത്തിൽ പറയുന്നത്. എംപിമാരെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നും ആവശ്യം. അഞ്ചുവർഷം നിലത്തിറങ്ങി പോരാട്ടം നയിച്ച നേതാവാണ് വി ഡിയെന്നും സന്ദേശത്തിൽ പറയുന്നു. പ്രൊഫഷണൽ കോൺഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ റിപ്പോർട്ടറിന് ലഭിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. ആകെയുളള 140-ൽ 102 സീറ്റിൽ വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തി. എൽഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോൺഗ്രസ്-63, മുസ്‌ലിം ലീഗ്-22, കേരളാ കോൺഗ്രസ്-7, സ്വതന്ത്രർ-4, ആർഎസ്പി-3, ആർഎംപി-1, കേരള കോൺഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആർജെഡി-1 എന്നിങ്ങനെയാണ് എൽഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് വിജയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe