തിരുവനന്തപുരം: ഹൈക്കമാൻഡ് കർശനമായി വിലക്കിയിട്ടും സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള ചരടുവലി ശക്തമായി തുടരുന്നു. കെ സി വേണുഗോപാലിന് പിന്തുണ നൽകുന്ന യുവ നേതൃനിരയിലെ മാത്യു കുഴൽനാടൻ എംഎൽഎ ദില്ലിയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിൻറെ പേരിൽ അദ്ദേഹത്തിൻറെ അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട്ടെ ക്ഷേത്രത്തിൽ തുലാഭാരത്തിന് ബുക്ക് ചെയ്തു. മൂവാറ്റുപുഴയിൽ വിഡി സതീശനായി ഫ്ലക്സ് ഉയർന്നു. കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന ചോദ്യത്തിന് നാലിന് മറുപടി പറയാമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു.
മുഖ്യമന്ത്രി ചർച്ചയ്ക്ക് വളമൊരുക്കുന്ന ഒരു സാഹചര്യവും പാടില്ലെന്ന ഹൈക്കമാൻഡിൻറെയും കെപിസിസിയുടെയും നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ് സംസ്ഥാനത്ത് കോൺഗ്രസിലുള്ളത്. കെ സി വേണുഗോപാൽ ആ പദവിയിലേക്കെത്തണമെന്നാഗ്രഹിക്കുന്ന യുവനിരയിലെ പ്രമുഖൻ മാത്യു കുഴൽനാടൻ ഒന്നരമണിക്കൂർ നേരം കെ സിയുമായി ദില്ലിയിലെ അദ്ദേഹത്തിൻറെ വസതിയിൽ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങൾക്ക് മുഖം തരാതെ പിൻഗേറ്റിലൂടെ മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം മന്ത്രിസഭയിൽ ബർത്ത് ഉറപ്പിക്കാനും ഭാഗ്യാന്വേഷികൾ നെട്ടോട്ടത്തിലാണെന്നാണ് വിവരം. പശ്ചാത്തലം ഇതാണെന്നരിക്കേ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ കെ സി വേണുഗോപാലും തയ്യാറായില്ല.
മറ്റൊരാരാധകനായ യൂത്ത് കോൺഗ്രസ് തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ സി എം അനിൽ കുമാർ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാലക്കാട്ടെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്താമെന്ന് നേർന്നിരിക്കുകയാണ്. ഈ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് ഇന്ദിര ഗാന്ധി കോൺഗ്രസിൻറെ ഔദ്യോഗിക ചിഹ്നമായി കൈപ്പത്തി തെരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. വി ഡി സതീശൻറെ ആരാധകരും അടങ്ങിയിരിക്കുന്നില്ല. മൂവാറ്റുപുഴ നഗരത്തിൽ സതീശന് അഭിവാദ്യമർപ്പിച്ച് ബോർഡുയർത്തി, പിന്നീട് എടുത്തുമാറ്റി. കെപിസിസി അധ്യക്ഷ പദവിയായാലും, മുഖ്യമന്ത്രി സ്ഥാനമായാലും ദളിത് പ്രാതിനിധ്യം വേണ്ടേയെന്നും, തനിക്ക് എന്താണ് അയോഗ്യതയെന്നും എപ്പോഴും ചോദിക്കുന്ന കൊടിക്കുന്നിൽ സുരേഷിൻറെ പ്രതികരണവും വന്നു.
സാധാരണ ഫലം വന്ന ശേഷം നടക്കാറായ ഇത്തരം നാടകീയ നീക്കങ്ങൾ സംസ്ഥാന കോൺഗ്രസിൽ ഇപ്പോഴെ സജീവമായതിൻറെ അമ്പരപ്പ് ഹൈക്കമാൻഡിനുണ്ട്. ഹൈക്കമാൻഡിൻറെ ഭാഗമായ കെ സി വേണുഗോപാലും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലെ അതൃപ്തി നേതൃനിരയിലുണ്ട്. കൂടുതൽ പരിഹാസ്യമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി തന്നെ ഈ ചർച്ചകളും, അണിയറ നീക്കങ്ങളും വിലക്കിയിട്ടും, ഫലമില്ല.
