രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ്; പരിശീലനം പൂർത്തിയായി, ജൂലൈ ഒന്നിന് ഭവന കണക്കെടുപ്പ്

news image
Apr 25, 2026, 8:00 am GMT+0000 payyolionline.in

കണ്ണൂർ: ഭാരത സെൻസസ് 2027-ന്റെ മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലന പരിപാടികൾ പൂർത്തിയായി. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന നാഴികക്കല്ലിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ജില്ലാ സെൻസസ് ഓഫീസർമാർക്കും സാങ്കേതിക സഹായികൾക്കുമായി നടത്തിയ ആറുദിവസത്തെ പരിശീലനമാണ് ശനിയാഴ്ച അവസാനിച്ചത്. 2026 ജൂലൈ ഒന്നിന് ഒന്നാം ഘട്ട ഭവന സെൻസസ് നടപടികൾ ആരംഭിക്കും.

ഇത്തവണത്തെ സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യമാണ്. നിശ്ചിത പോർട്ടൽ വഴി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താം. 2026 ജൂൺ 16 മുതൽ 30 വരെയാണ് ഇതിനുള്ള അവസരം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) പിന്നീട് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. ഇത് സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് പൂർത്തിയാക്കുക. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുടെ കണക്കെടുപ്പും നടക്കും. ഉദ്യോഗസ്ഥർ ഓരോ വീടുകളിലുമെത്തി സ്മാർട്ട് ഫോണുകളിലെ പ്രത്യേക സെൻസസ് ആപ്പ് വഴിയാകും വിവരങ്ങൾ ശേഖരിക്കുക. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഭാവി ക്ഷേമപ്രവർത്തനങ്ങൾക്കും പുരോഗതിക്കും കൃത്യമായ വിവരങ്ങൾ നൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് പരിശീലന പരിപാടിയിൽ ജില്ലാ കളക്ടർമാർ ഓർമ്മിപ്പിച്ചു. കടലാസ് രഹിതമായി നടക്കുന്ന ഈ ഡിജിറ്റൽ വിപ്ലവത്തിലൂടെ കൂടുതൽ സുതാര്യവും കൃത്യവുമായ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe