ഒരാഴ്ച അവധി; അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു; നടപടി കനത്ത ചൂടിനെ തുടർന്ന്

news image
Apr 24, 2026, 3:40 am GMT+0000 payyolionline.in

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെ തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

കനത്ത ചൂട് കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 40 ഡിഗ്രിയിൽ കൂടുതൽ ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻനിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല.

അതേസമയം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 41 °C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5°C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe