തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും പത്തനംതിട്ടയിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.
ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർധിക്കുന്നതിനാൽ മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ സമയങ്ങളിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായതിനാൽ സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണമെന്നും യാത്രയ്ക്കിടയിൽ തണലുള്ള ഇടങ്ങളിൽ വിശ്രമിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. തെളിഞ്ഞ ആകാശമുള്ളപ്പോഴും ജലാശയങ്ങൾക്കും മണലിനും സമീപവും അൾട്രാവയലറ്റ് രശ്മികളുടെ പ്രതിഫലനം കൂടുതലായിരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
