‘വീടുകൾതോറും കയറി എനിക്ക് വോട്ടു ചെയ്യരുതെന്ന് പറഞ്ഞു, മുന്നണിക്കുള്ളിൽ നിന്നു തന്നെ ചതി’: P K ജയലക്ഷ്മി

news image
Mar 24, 2026, 2:49 pm GMT+0000 payyolionline.in

മാനന്തവാടി: തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്വന്തം മുന്നണിക്കെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് തോൽപിച്ചതെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വീടുകളിൽ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും പി കെ ജയലക്ഷ്മി തുറന്നടിച്ചു. തന്റെ പോസ്റ്ററുകൾ പുഴയിൽ ഉപേക്ഷിച്ചതായും, അനൗൺസ്മെന്റ് വാഹനങ്ങൾ നിശ്ചയിച്ച രീതിയിൽ പ്രവർത്തിച്ചില്ലെന്നും പി കെ ജയലക്ഷ്മി പ്രസംഗത്തിൽ ആരോപിച്ചു.

‘കഴിഞ്ഞ പത്ത് വർഷക്കാലം രണ്ട് ടേമിൽ ഞാൻ മാനന്തവാടിയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്നു. നമ്മുടെ ഉള്ളിൽ ചതി ഒരുക്കിയത് ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ താൻ തിരിച്ചറിഞ്ഞു. ഒരുപാട് ആളുകൾ വെയിലും മഴയും കൊണ്ട് എങ്ങനെയെങ്കിലും മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ചില ശക്തികൾ അതിനുള്ളിൽനിന്നുകൊണ്ട് ഇത്തരത്തിലൊരു ചതി ഒരുക്കുമെന്ന് നമ്മൾക്കാർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ കെട്ടുകണക്കിന് പോസ്റ്ററുകൾ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അത് ഒഴുകിനടന്നപ്പോൾ നമ്മളാരും അത് കണ്ടില്ല. അനൗൺസ്‌മെന്റ് വണ്ടി മരത്തണലിൽ നിർത്തിയിട്ട്, അനൗൺസ് ചെയ്യുന്നവർ ഉറങ്ങിയത് നമ്മളാരും കണ്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ ഓരോ വീടുകളിലും കയറിച്ചെന്ന് പി കെ ജയലക്ഷ്മിക്ക് വോട്ടു ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അവരുടെയൊന്നും പേര് വിട്ടു പറയുന്നില്ല. അന്ന് തോറ്റത് പി കെ ജയലക്ഷ്മിയല്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്’ പി കെ ജയലക്ഷ്മി വെള്ളമുണ്ടയിൽ കഴിഞ്ഞ ദിവസം നടന്ന കൺവെൻഷനിൽ പറയുകയുണ്ടായി .മാനന്തവാടി മണ്ഡലത്തിൽ 2011ൽ പി കെ ജയലക്ഷ്മിയായിരുന്നു എംഎൽഎ. എന്നാൽ 2016ലും 2021ലും എൽഡിഎഫിന്റെ ഒ ആർ കേളുവാണ് വിജയിച്ചത്. ഈ രണ്ട് തവണയും പി കെ ജയലക്ഷ്മിയായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe