കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെയടക്കം മൊഴി വീണ്ടും പരിശോധിക്കും, മൊബൈലിന്റെ ഫോറൻസിക് പരിശോധനയിൽ എല്ലാം വ്യക്തമായേക്കും

news image
Jun 9, 2026, 5:13 am GMT+0000 payyolionline.in

വടകര : വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം . കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവർ മുൻപ് നൽകിയ മൊഴികളും പുതുതായി രേഖപ്പെടുത്തിയ മൊഴികളും തമ്മിൽ വൈരുധ്യങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.

സ്ക്രീൻഷോട്ട് ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി ചോദ്യം ചെയ്ത നാല് പേരും സ്ക്രീൻഷോട്ട് എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രൂപ്പുകളിൽ നിന്ന് ഫോർവേഡ് ചെയ്ത് കിട്ടിയതാണെന്ന മുൻ നിലപാടിൽ തന്നെയാണ് ഇവർ ഉറച്ചുനിൽക്കുന്നത്.

ഈ സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള പ്രധാന വഴി. കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭ്യമാകുമെന്നാണ് സൂചന. ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതോടെ സ്ക്രീൻഷോട്ട് ആദ്യമായി നിർമ്മിച്ചതും പ്രചരിപ്പിച്ചതുമായ ഡിജിറ്റൽ വിലാസങ്ങൾ കണ്ടെത്താനാകുമെന്നും, അതിലൂടെ കേസിന് കൃത്യമായ ഉത്തരം ലഭിക്കുമെന്നുമാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

കാഫിർ സ്ക്രീൻഷോട്ട് ആരുണ്ടാക്കിയെന്നതുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. റെഡ് വളന്റിയേഴ്സ് ബറ്റാലിയൻ വാട്സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും. ഇവരുടെ മൊഴി പരിശോധിക്കാനാണ് തീരുമാനം.

ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌

കാഫിർ സ്ക്രീൻഷോട്ട് കേസിലെ ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ റിബേഷ് രാമകൃഷ്ണൻ. ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക്‌ കമ്മറ്റി അംഗമായി തുടരും. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ് ഐ ടി അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe